സാംസങിന്റെ ആവനാഴിയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ടിസന് മൊബൈല്‍ പ്ലാറ്റ്ഫോമിന് തുണയായി ആയിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്പ്സ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സി'ല്‍ ടിസന് ഒഎസ് അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
ടിസന് പ്ലാറ്റ്ഫോമിനായി ചില ആപ്പെഴുത്ത് മത്സരമൊക്കെ നടന്നിരുന്നു. അതിന്റെകൂടി ഫലമായി, 6,000 ലേറെ ആപ്ലിക്കേഷനുകള്‍ ടിസന് പ്ലാറ്റ്ഫോമിനായി ഇപ്പോള്‍ ലഭ്യമാണ്. അത് അപര്യാപ്തമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ ആന്‍ഡ്രോയ്ഡിന് വികസിപ്പിച്ച ആയിരക്കണക്കിന് ആപ്പുകള്‍ ടിസനില്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്നതെന്ന്, 'ടെക്നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്പ്സ് ടിസനില്‍ പ്രവര്‍ത്തിക്കും. അതിന്റെ എണ്ണം കൂട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് -ടിസന് സ്മാര്‍ട്ട്ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ആപ്പ്സ് പ്രവര്‍ത്തിക്കാനുള്ള അനുകൂല സങ്കേതം രൂപപ്പെടുത്തുന്ന 'ഓപ്പണ്‍ മൊബൈലി'ലെ ഹൊവീ ഹെച്ച് പറഞ്ഞു.
എന്നാല്‍ , ടിസന് സ്മാര്ട്ട്ഫോണുപയോഗിക്കുന്നവര്ക്ക് എവിടെ നിന്നാകും ആന്‍ഡ്രോയ്ഡ് ആപ്പ്സ് ലഭിക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
പ്ലാറ്റ്ഫോം ഏതായാലും ആളുകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ അനുഭവം കാര്യമായി ലഭിക്കുന്നത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ വഴിയാണ്. ലോകത്തെ ഏറ്റവും പ്രമുഖ ആപ്പ് സ്റ്റോറുകള്‍ ആപ്പിളിന്റെ 'ആപ്പ് സ്റ്റോറും' ( App Store ), ആന്‍ഡ്രോയ്ഡിന്റെ 'ഗൂഗിള്‍ പ്ലേ' ( Google Play ) സ്റ്റോറും. രണ്ട് സ്റ്റോറുകളിലും പത്തുലക്ഷം ആപ്പുകളില്‍ കൂടുതല്‍ ഇപ്പോള്‍ ലഭ്യമാണ്.
ലോകത്ത് ഏറ്റവുധികം സ്മാര്‍ട്ട്ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലാണ്. ആന്‍ഡ്രോയ്ഡിന്റെ സഹായത്തോടെയാണ്, ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായി സാംസങ് മാറിയത്. ആ നിലയ്ക്ക് ആന്‍ഡ്രോയ്ഡിനോട് മത്സരിക്കാന്‍ സാംസങ് സ്വന്തംനിലയ്ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ പ്ലാറ്റ്ഫോം നിര്‍മിക്കുന്നത് കൗതുകജനകമാണ്.
പേറ്റന്റുകള്‍ പരസ്പരം പങ്കിടാനും സഹകരണം ശക്തിപ്പെടുത്താനും ഗൂഗിളും സാംസങും ആഗോളകരാര്‍ ഒപ്പുവെച്ചത് അടുത്തയിടെയാണ്. ആ കരാറിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകമായിരിക്കും സാംസങിന്റെ ടിസന് .
നോക്കിയ കമ്പനി വികസിപ്പിക്കാന്‍ തുടങ്ങി ഉപേക്ഷിച്ച 'മീഗോ' ( MeeGo )പ്ലാറ്റ്ഫോമില്‍നിന്നാണ്, സാംസങും ഇന്റലും അടങ്ങിയ കണ്‍സോര്‍ഷ്യം ടിസന് ഒഎസിന് രൂപംനല്കിയത്. ആന്‍ഡ്രോയ്ഡിനെപ്പോലെ ടിസന് ഒഎസും ലിനക്സ് അടിസ്ഥാനമായുള്ള മൊബൈല്‍ പ്ലാറ്റ്ഫോമാണ്.
ടിസന് ഒഎസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാന്‍ സാംസങ് തയ്യാറായിട്ടില്ല. അത്യന്തം രഹസ്യമായാണ് അത് വികസിപ്പിക്കുന്നത്. എന്നാല്‍ , ആന്‍ഡ്രോയ്ഡിനെ അപേക്ഷിച്ച് വേഗമേറിയ പ്ലാറ്റ്ഫോമാണ് ടിസന് എന്ന് പോളണ്ടിലെ ഒരു ത്രീഡി ഗെയിംസ് ഡെവലപ്പറായ ഗെര്സഗോര്സ് ആദംസ്കിക് പറയുന്നു. 'ഗെയിമുകളെ സംബന്ധിച്ച് ടിസന് വളരെ കരുത്തേറിയ പ്ലാറ്റ്ഫോം ആണെന്നാണ് എന്റെ അഭിപ്രായം'-അദ്ദേഹം പറഞ്ഞു.
Courtesy:http://www.mathrubhumi.com/

ITS ABSOLUTLY AMAZING
ReplyDeleteSUPER
ReplyDelete